സി.പി.ഐ.യും സി.പി.എമ്മും ; ഒരു വൈരുദ്ധ്യാധിഷ്ഠിത വിശകലനം


ഇത് എന്റെ കഴിഞ്ഞ പോസ്റ്റിന്റെ ഒരു അനുബന്ധമാണ്. അതും കൂടി വായിച്ചാലേ വായന പൂര്‍ണ്ണമാകൂ... 

ലോകത്തില്‍ നിലവിലുള്ള ഭരണസമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനികവും നീതിയുക്തവും ആയത് പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണെന്ന് പറയേണ്ടതില്ലല്ലൊ. പാര്‍ലമെന്ററി ഡെമോക്രസി എന്ന് പറയുമ്പോള്‍ കുറഞ്ഞ പക്ഷം രണ്ട് പാര്‍ട്ടികളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആ സിസ്റ്റം വര്‍ക്ക് ചെയ്യൂ എന്നും നമുക്ക് അറിയാം. ഒരു പാര്‍ട്ടിക്ക് മാത്രം ഏകപക്ഷീയമായി ഭരണക്കുത്തക ഉണ്ടാവുക എന്ന സമ്പ്രദായം പാര്‍ലമെന്ററി ഡെമോക്രസി അല്ല താനും.

കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പേരില്‍ നടപ്പാക്കിയ ഏകപാര്‍ട്ടി കുത്തക ഭരണം കാറല്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം അനുസരിച്ചല്ല. അത് ലെനിന്റെ കണ്ടുപിടുത്തമാണ്. മാര്‍ക്സിസവുമായി ലെനിന്റെ ഈ തീയറിക്ക് ഒരു ബന്ധവുമില്ല എന്ന് മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മാര്‍ക്സിസത്തിന് ലെനിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ്. മാര്‍ക്സ് തൊഴിലാളി വര്‍ഗ്ഗത്തെ സമഗ്രമായാണ് കണ്ടത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണകൂടമാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ് ചെയ്തത്. ലെനിന്‍ അങ്ങനെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുമോ? അതെങ്ങനെയാണ് ആവുക, തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആകുന്നത്?

അങ്ങനെ സ്വയം പ്രഖ്യാപിച്ചാല്‍ ഒരു പാര്‍ട്ടി ഒരു വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുകയില്ല. സംഭവിച്ചത് ഒരു പാര്‍ട്ടിയും ഭരണവും തൊഴിലാളികളുടെ മേല്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുകയായിരുന്നു. അതിന് മാര്‍ക്സിയന്‍ ചിന്തയുമായി യാതൊരു ബന്ധവുമില്ല. ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്റെയും കൂടി തീയറി സ്വീകരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം നിരാകരിക്കുകയായിരുന്നു. മാത്രമല്ല, റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ തൊഴിലാളി വര്‍ഗ്ഗം ഉണ്ടായിരുന്നോ? ഫ്യൂഡലിസം തകര്‍ന്ന് മുതലാളിത്തം വികസിച്ചാലാണ് തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി പരിണമിക്കുക എന്നല്ലേ മാര്‍ക്സിന്റെ കാഴ്ചപ്പാട്. റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ ഫ്യൂഡലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയായിരുന്നു. അപ്പോള്‍ ആരാണ് വിപ്ലവം നടത്തിയത്? ലെനിന്റെ കിങ്കരന്മാര്‍. മറ്റാരാണ്?

അത് ഒരു സാമൂഹ്യവിപ്ലവമായിരുന്നില്ല. മറിച്ച് അധികാരം കൈപ്പറ്റലായിരുന്നു. അന്ന് ഏതൊരു സംഘടിത ശക്തിക്കും അധികാരം കൈപ്പറ്റാന്‍ കഴിയുമാറ് സാര്‍ ഭരണകൂടം ദുര്‍ബ്ബലമായിരുന്നു. എന്നിട്ടാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ എന്നു പറഞ്ഞ് ഒരു സര്‍വ്വാധിപത്യം അവിടെ സംസ്ഥാപിതമാകുന്നത്. ഫലത്തില്‍ ഒരു പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നതില്‍ കവിഞ്ഞ് കാറല്‍ മാര്‍ക്സ് ഉദ്ദേശിച്ച പോലെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലൂടെ സംഭവിച്ച സ്വാഭാവിക മാറ്റം ആയിരുന്നില്ല. കാറല്‍ മാര്‍ക്സിന്റെ കാലത്ത് തന്നെ മുതലാളിത്തത്തിലേക്ക് പ്രവേശിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ സാമൂഹ്യവിപ്ലവം നടന്നുമില്ല.

ഇന്നാണെങ്കില്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകത്ത് എവിടെയുമില്ല. അത്പോലെ തന്നെ മറ്റൊരു വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളികളുമില്ല. സ്വകാര്യമൂലധനമല്ല മറിച്ച് ഓഹരി മൂലധനമാണ് ഇന്ന് വ്യവസായങ്ങള്‍ നടത്തുന്നത്. പറഞ്ഞ് വന്നത് ഒരു ചിന്താപദ്ധതി എന്നതിനപ്പുറം മാര്‍ക്സിസം ഒരു ഘട്ടത്തിലും പ്രയോഗത്തിന്റെ തലത്തിലേക്ക് വന്നിട്ടേയില്ല. ഇനി വരാനും പോകുന്നില്ല. എന്നാല്‍ വിവിധങ്ങളായ ദര്‍ശനങ്ങളും ചിന്തകളും ആശയങ്ങളും മനുഷ്യരാശിക്ക് ആവശ്യമാണ്. ഇല്ല്ലെങ്കില്‍ ചിന്ത എന്ന പ്രോസസ്സിങ്ങ് നടക്കാതെയായിപ്പോകും. തെറ്റും ശരിയും വിവേചിച്ചറിയാനും വിവിധങ്ങളും വിരുദ്ധങ്ങളുമായ ചിന്താപദ്ധതികള്‍ നല്ലതാണ്, മുതല്‍ക്കൂട്ടാണ്. ആ ഒരു പ്രസക്തി തീര്‍ച്ചയായും മാര്‍ക്സിസത്തിനുണ്ട്. അതേ സമയം തങ്ങള്‍ മാര്‍ക്സിസത്തിന്റെ മൊത്തവിതരണക്കാരാണെന്ന് ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാലും അത് അസംബന്ധമായിരിക്കും.

ഈ ഒരു നിലപാട് തറയില്‍ നിന്നാണ് ഞാന്‍ സി.പി.ഐ.യെയും സി.പി.എമ്മിനെയും നോക്കി കാണുന്നത്. അവര്‍ എന്ത് വിചാരിച്ചാലും മോഹിച്ചാലും അവരെക്കൊണ്ട് വിപ്ലവം നടത്താനോ സോഷ്യലിസം സ്ഥാപിക്കാനോ കഴിയില്ല. ഇവിടെ, സോഷ്യലിസം എന്നതിനും മാര്‍ക്സ് വിഭാവനം ചെയ്തതും ലെനിന്‍ നടപ്പാക്കിയതും തമ്മില്‍ കടലും കടലാടിയും പോലുള്ള വൈരുദ്ധ്യമുണ്ട്. എല്ലാ സമ്പത്തും സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആവുക എന്നാണ് മാര്‍ക്സ് ഉദ്ദേശിച്ചത്. ലെനിന്‍ ചെയ്തതോ? എല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥത എങ്ങനെയാണ് സമൂഹത്തിന്റെ ഉടമസ്ഥതയാവുക?

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയാല്‍ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആയി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ ആയോ? പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് അനുസരിക്കുക എന്ന വ്യവസ്ഥിതി എങ്ങനെ മാര്‍ക്സ് വിഭാവനം ചെയ്ത സോഷ്യലിസമാകും? ജനങ്ങള്‍ക്ക് എന്ത് പങ്കാളിത്തമാണ് അതില്‍ ഉള്ളത്. ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതായ ഒരു സാമൂഹ്യവികാസത്തിലേക്ക് നടന്നടുക്കാനുള്ള എന്ത് ബുദ്ധിപരമായ വളര്‍ച്ചയാണ് പാര്‍ട്ടിക്ക് വിധേയരായി ജീവിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടാവുക? മാര്‍ക്സിനെ പോലെ മഹാനായ ഒരു ദാര്‍ശനികന് ഇങ്ങനെ ചെറുതായി ചിന്തിക്കാന്‍ കഴിയുമായിരുന്നോ?

അത്കൊണ്ട്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് രൂപാന്തരം വന്നുകൂടായ്കയില്ല എന്ന് ഞാന്‍ വെറുതെ കരുതുന്നു. അങ്ങനെ കരുതാമല്ലൊ. അങ്ങനെ ജനാധിപത്യപാര്‍ട്ടിയായി മാറിയാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കുറേ പ്രവര്‍ത്തകരെ രാജ്യത്തിന് ലഭിക്കും എന്നും ഞാന്‍ കരുതുന്നു. ആ ഒരു സാധ്യതയാണ് ഞാന്‍ സി.പി.ഐ.യില്‍ കാണുന്നത്. സി.പി.എം. ഒരു ബിസിനസ്സ് പാര്‍ട്ടിയായി മാറിപ്പോയി. അതിനിനി മാറാന്‍ കഴിയില്ല. പാര്‍ട്ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും കോടികളുടെ വാര്‍ഷിക വരുമാനവും ഇനിയും പുരോഗമിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത് പറയുന്നത്. സി.പി.ഐ. ശരിയായ ട്രാക്കില്‍ വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലാഭവിഹിതം കിട്ടാത്ത അണികള്‍ സി.പി.ഐ.യിലേക്ക് വന്നുകൂട എന്നില്ല. കോണ്‍ഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ആയ വ്യക്തികള്‍ സ്വകാര്യ ബിസിനസ്സ് നടത്തുന്നത് പോലെയല്ല ഒരു രാഷ്ട്രീയപാര്‍ട്ടി ബിസിനസ്സ് സ്ഥാപനമായി മാറുന്നത്.

പുരോഗനക്കാര്‍ എന്നു പറയുന്നവരും ഇടത് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും പറയുന്ന കോണ്‍ഗ്രസ്സ് വിരോധവും കോണ്‍ഗ്രസ്സാണ് എല്ല്ലാ തിന്മകള്‍ക്കും കാ‍രണം എന്നുള്ള വാദവുമൊക്കെ കക്ഷിരാഷ്ട്രീയപരമായി പ്രചരിപ്പിക്കുന്ന നുണകളാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം കരസ്ഥമാക്കുമാറ് വളരുന്നുണ്ട് എന്നൊരു പ്രതീതി ഉടലെടുത്തപ്പോള്‍ ഇപ്പറഞ്ഞ പുരോഗമനക്കാരും ഇടത്കാരും എല്ലാം കോണ്‍ഗ്രസ്സിനെ ന്യായീകരിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് ശക്തമായിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി.യെയും മറ്റെല്ലാ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെയും കൂട്ടി ഒരു മഹാസഖ്യം ഇ.എം.എസ്സിന്റെയും എന്‍.ടി.രാമറാവുവിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ സംഘടിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഏകദേശം സമാസമം എന്ന് വന്നപ്പോള്‍ രണ്ടിനെയും വര്‍ജ്ജിക്കണം എന്ന് പറയുന്നു. ഇതിലൊക്കെ അത്രയേയുള്ളൂ. കക്ഷിരാഷ്ട്രീയക്കണക്കുകളാണ് ഇത്തരം അനുകൂല-പ്രതികൂല നിലപാടുകളെ സൃഷ്ടിക്കുന്നത്.

ഇടത് മുന്നണിയില്‍ നില്‍ക്കുന്നു എന്ന് വെച്ച് സി.പി.ഐ.യുടെ വളര്‍ച്ച ഒരിക്കലും സി.പി.എം. ആഗ്രഹിക്കുകയില്ല. രണ്ടും ഒരേ ആശയക്കാരല്ലെ എന്ന വാദം വെറുതെ. അങ്ങനെയെങ്കില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാവുകയല്ലേ വേണ്ടത്? എന്തിനാണ് രണ്ടായി നില്‍ക്കുന്നത്. ലക്ഷ്യവും ആശയവും ഒന്നാണെങ്കില്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അപേക്ഷിച്ച് സി.പി.ഐ. നിരുപദ്രവമാണ് എന്നൊരു മേന്മ ഞാന്‍ സി.പി.ഐ.യില്‍ കാണുന്നുണ്ട്. സി.പി.എമ്മിന്റെ ശൈലിയും പെരുമാറ്റവും രീതിയും എല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമേ രസിക്കൂ എന്നൊരു അവസ്ഥയുണ്ട്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ അല്ലാത്ത എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആകുന്നത്.

എന്തായാലും കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടിയാല്‍ സി.പി.ഐ.ക്ക് വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഭാവിയില്‍ വളരാനുള്ള സാധ്യത കണ്ടത്കൊണ്ട് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഇടത് ഐക്യം എന്നൊക്കെ പറഞ്ഞിട്ട്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറെ പ്രസ്താവനകള്‍ ഇറക്കാം എന്നല്ലാതെ അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.

സി.പി.ഐ.ക്കാര്‍ക്ക് ഒരു തുറന്ന കത്ത്


സി.പി.ഐ. എത്രയും വേഗം കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുകയാണ് വേണ്ടത്.  ഇടത്പക്ഷ ഐക്യം എന്ന പേരു പറഞ്ഞ് മാര്‍ക്സിസ്റ്റ് മുന്നണിയില്‍ ചേര്‍ന്ന സി.പി.ഐ.യെ അന്നു മുതല്‍ ഇന്നുവരെ നക്കിക്കൊല്ലാനാണ് സി.പി.എം. ശ്രമിച്ചിട്ടുള്ളത്. അത് അവരുടെ അടവ് നയത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ കൂടെ ഉള്ളപ്പോള്‍ സി.പി.ഐ.ക്ക് നല്ല വളര്‍ച്ചയായിരുന്നു. അവരുടെ പാര്‍ട്ടിക്ക് മാത്രമല്ല ബാലസംഘം ,  യുവജന ഫെഡറേഷന്‍, സ്റ്റൂഡന്റ്സ് ഫെഡറേഷന്‍, എ.ഐ.ടി.യു.സി. മുതലായ വര്‍ഗ്ഗ സംഘടനകള്‍ക്കെല്ലാം പ്രവര്‍ത്തനനിരതമായ യൂനിറ്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളവും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് പ്രായമായവരല്ലാതെ യുവാക്കള്‍ ആരും സി.പി.ഐ.യില്‍ ഇല്ല എന്നു തന്നെ പറയാം.

ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ സി.പി.ഐ.ക്കാരുടെ വീടുകളില്‍ ഉള്ള കുട്ടികളെ ആദ്യം തന്നെ മാര്‍ക്സിസ്റ്റുകാര്‍ വന്നു അവരുടെ ബാലസംഘത്തില്‍ ചേര്‍ക്കും. സി.പി.ഐ.ക്കാരായ രക്ഷിതാക്കള്‍ക്ക് അത് തടയാന്‍ കഴിയില്ല. അതിനുള്ള അടവ് തന്ത്രങ്ങളൊക്കെ സി.പി.എം.കാര്‍ക്ക് ഉണ്ട്. അങ്ങനെ കുറ്റിയറ്റ് പോകുന്ന അവസ്ഥയിലാണ് സി.പി.ഐ. ഇന്ന് ഉള്ളത്.  സ്വന്തമായി ഒരു അസ്തിത്വം ഇന്ന് സി.പി.ഐ.ക്ക് ഇല്ല എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ലെങ്കിലും വസ്തുത അതാണ്.  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുമ്പോള്‍ ആയിരുന്നു സി.പി.ഐ.യുടെ സുവര്‍ണ്ണകാലം എന്ന് പഴയ സി.പി.ഐ. സഖാക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും.

എന്തിനാണ് ഈ ഇടത്പക്ഷമുന്നണിയും ഐക്യവും ഒക്കെ? അത്കൊണ്ട് ഇന്ത്യ പോലൊരു മഹാരാജ്യത്ത് എന്ത് ചെയ്യാനാണ്? സി.പി.എമ്മിന് നേട്ടവും കാര്യവും ഉണ്ട്. അവര്‍ വെറുമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ദിനേന കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന എന്റര്‍പ്രൈസസ്സ് കൂടിയാണ്. കേട്ടില്ലേ, തനിക്ക് കേസ് നടത്താന്‍ 10ലക്ഷം അനുവദിക്കണമെന്ന് വി.എസ്സ്. പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുന്നു. അടുത്ത കമ്മറ്റിയില്‍ പത്ത് ലക്ഷം അനുവദിക്കുന്നു. ഇനി മേലില്‍ കേസിന്റെ കണക്ക് പാര്‍ട്ടിക്ക് നല്‍കണം എന്ന നിബന്ധനയോടെ. ഷേര്‍ മാര്‍ക്കറ്റില്‍ മൂലധനം നിക്ഷേപിച്ച് ലാഭവിഹിതം പറ്റുന്ന പാര്‍ട്ടി കം എന്റര്‍പ്രൈസസ്സാണ് സി.പി.എം. അവര്‍ മറ്റ് പാര്‍ട്ടികളെ മുന്നണിയില്‍ കൂട്ടുന്നത് ആ പാര്‍ട്ടികളെ സഹായിക്കാനല്ല. ആവുന്ന വിധത്തില്‍ പിളര്‍ത്തിയോ ശോഷിപ്പിച്ചോ സ്വയം തടിച്ച് വലുതാവാനാണ്. അതിനപ്പുറം ഒരു വിപ്ലവവും ഇടത്പക്ഷ ഐക്യം കൊണ്ട് ഇന്ത്യയില്‍ സംഭവിക്കാനില്ല.

കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഒരു മുന്നണിയോ കൂട്ടുകെട്ടോ അഖിലേന്ത്യാ തലത്തില്‍ ഈ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ നടക്കുകയില്ല. അഥവാ നടന്നാലും അത് പ്രാദേശികപാര്‍ട്ടികളുടെ മുന്നണിയായിരിക്കും. അങ്ങനെ വന്നാലോ വരണമെങ്കിലോ ദേശീയപാര്‍ട്ടികള്‍ ഒന്നുമല്ലാതായിരിക്കണം. അങ്ങനത്തെ ഒരു മുന്നണിയില്‍ ഇടത്പാര്‍ട്ടികള്‍ക്ക് എന്ത് സ്ഥാനം? ഇടത്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രാദേശികപാര്‍ട്ടികള്‍ അടങ്ങിയ മുന്നണിയും നടക്കില്ല. പ്രാദേശികപാര്‍ട്ടികള്‍ക്ക് അതാത് സംസ്ഥാനത്തിന്റെ താല്പര്യം മാത്രമേയുള്ളൂ. പൊതുവായ ദേശീയ ലക്ഷ്യങ്ങള്‍ക്ക് പ്രാദേശികപാര്‍ട്ടികളെ കിട്ടില്ല. പ്രാദേശികപാര്‍ട്ടികളുടെ കൂട്ടുകെട്ട് ആധിപത്യം നേടി ഭരണം കൈപ്പറ്റുകയാണെങ്കില്‍ അഞ്ച് കൊല്ലം കൊണ്ട് അവര്‍ ഇന്ത്യയെ ഓഹരി വെച്ച് എടുക്കും. പിന്നെ ഇന്ത്യ ഉണ്ടാവില്ല.

ശരിക്ക് പറഞ്ഞാല്‍ സി.പി.എം. എന്ന പാര്‍ട്ടിയുടെ ജനനം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന തത്വങ്ങള്‍ക്ക് നിരക്കാത്തതും അവിശുദ്ധവുമായിരുന്നു. ഭൂരിപക്ഷതീരുമാനം വിയോജിപ്പ് ഉണ്ടെങ്കിലും അംഗീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടന തത്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല ജനാധിപത്യപാര്‍ട്ടികളുടെയും തത്വം ഇത് തന്നെയാണ്. മറ്റെന്താണ് പോംവഴി?  ന്യൂനപക്ഷത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതി ഭൂരിപക്ഷത്തിന് ന്യൂനപക്ഷം പറയുന്നത് അനുസരിക്കാന്‍ പറ്റുമോ?  1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍‌ട്രല്‍ കമ്മറ്റിയില്‍ നിന്ന് ചെറുന്യൂനപക്ഷമായ 32 പേര്‍ ഇറങ്ങി വന്നു രൂപീകരിച്ചതാണ് ബ്രായ്ക്കറ്റില്‍ എം ഉള്ള സി.പി.ഐ.  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റ്കൊടുക്കുന്നതിന് സമമായ നടപടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ വര്‍ഗ്ഗവഞ്ചന എന്നും പറയാം.

അന്ന് പാര്‍ട്ടി പിളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) അവസ്ഥ ഇന്ന് എന്തായിരുന്നിരിക്കും? ചത്ത കുട്ടിയുടെ ജാതകം പരിശോധിച്ചിട്ട് ഫലമില്ലല്ലൊ. പക്ഷെ ഒന്ന് മാത്രം പറയാം.  ഇന്ത്യന്‍ ദേശീയതയോട് സാത്മ്യം പ്രാപിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു.  കോണ്‍ഗ്രസ്സിന്റെ കൂടെ സി.പി.ഐ. പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ അവരുടെ രാഷ്ട്രീയവും നയവും പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് പറയുന്നത്.  ഇന്നും കമ്മ്യൂണിസത്തിലെ നല്ല വശങ്ങള്‍  സി.പി.ഐ.ക്കാരുടെ പെരുമാ‍റ്റത്തില്‍ കാണാം.

തെറ്റില്‍ നിന്ന് ജനിച്ച സി.പി.എം. തെറ്റിലൂടെ തന്നെയാണ് അന്നു മുതല്‍ ഇന്ന് വരെ സഞ്ചരിക്കുന്നത്.  ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകുന്നത് ശരിയുടെ തെളിവ് അല്ലല്ലൊ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ തകര്‍ച്ചയുടെ പാത വെട്ടിത്തെളിച്ചത് 64ലെ ആ ഇറങ്ങിപ്പോക്കും പാര്‍ട്ടിയെ പിളര്‍ത്തലുമാണ്. ആളുകള്‍ കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ പാപക്കറ സി.പി.എമ്മിന്റെ മേല്‍ ആരും ആരോപിക്കാത്തത് എന്ന് തോന്നുന്നു. ഇതൊക്കെ ചെയ്തിട്ട് ഇന്ന് ഇടത്പക്ഷ ഐക്യം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. എന്ത് ഇടത്പക്ഷ ഐക്യം? ഇനി എന്ത് മലയാണ് ഇടത് ഐക്യം കൊണ്ട് മറിക്കാനുള്ളത്.

സമകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സി.പി.ഐ.ക്കാര്‍ തയ്യാറാവണം. നിങ്ങള്‍ പറയുന്ന വിപ്ലവമോ സോഷ്യലിസമോ ഒന്നും ഒരു കാലത്തും നടക്കാന്‍ പോകുന്നില്ല. അതേ സമയം ലോകം ഉള്ള കാലത്തോളം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരും അത്കൊണ്ട് തന്നെ രാഷ്ട്രീയവും രാഷ്ട്രീയ സംഘടനകളും  ഉണ്ടാവും.  സമൂഹത്തെയും രാഷ്ട്രീയത്തെയും സദാ നവീകരിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനൊപ്പിച്ച് രൂപമാറ്റം ചെയ്യാനല്ല. അത് നടക്കൂല്ല. വൃഥാ എന്തിനാണ് ചെയ്യാന്‍ കഴിയുന്നത് ചെയ്യാതെ നടക്കാത്ത കാര്യവും പറഞ്ഞ് സമയവും ഊര്‍ജ്ജവും പാഴാക്കുന്നത്.   നിലവിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ തന്നെ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിക്കാന്‍ കഴിയും.

ക്യാപ്പിറ്റലിസം എന്ന് പറയുന്നത് ഓരോ വ്യക്തിക്കും സ്വന്തമായി സമ്പാദിക്കാനും വളരാനും സ്വന്തം അഭീഷ്ടപ്രകാരം ജീവിതം നയിക്കാനും കഴിയുന്ന സ്വാഭാവിക സാമൂഹ്യ വ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ അധികം സമ്പാദിക്കുന്നവനും കുറുക്ക് വഴിയിലൂടെ ധനം കൈക്കലാക്കുന്നവരും മുതലാളിമാരും ഒക്കെ ഉണ്ടാകും. എന്നാ‍ലും അവനവന് സമ്പാദിക്കാന്‍ കഴിയുന്ന ഈ വ്യവസ്ഥിതി മാത്രമേ ജനങ്ങള്‍ ഇഷ്ടപ്പെടുകയുള്ളൂ. അതല്ലാതെ എല്ലാ പ്രത്യുല്പാദനോപകരണങ്ങളും സര്‍ക്കാര്‍ ഉടമയിലാക്കി സര്‍ക്കാര്‍ തന്നെ തൊഴിലും കൂലിയും കൊടുക്കുന്ന ആ സോഷ്യലിസം ജനങ്ങളെ അധ്വാ‍ന പ്രക്രിയയില്‍ നിന്ന് അന്യവല്‍ക്കരിക്കും. അങ്ങനെ സമൂഹം മുരടിച്ച് നിശ്ചലമാകും. അത്കൊണ്ടാണ്  സോഷ്യലിസം പരാജയപ്പെട്ടത്. പരാജയപ്പെട്ടത് വീണ്ടും പരീക്ഷിക്കാന്‍ ആരെങ്കിലും മുതിരുമോ?

നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരിക്കാനാണ് സി.പി.ഐ.ക്കാര്‍ തയ്യാറാവേണ്ടത്. അത്കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടണം എന്ന് ഞാന്‍ സി.പി.ഐ.ക്കാരോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ പോയാലും മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അവര്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് എന്റര്‍പ്രൈസസ്സ് കൂടിയാണ്. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങളും സാധ്യതകളും സൌകര്യങ്ങളും വേണ്ടുവോളം പറ്റിക്കൊണ്ട് അവരുടെ രാഷ്ട്രീയവും ബിസിനസ്സും എന്നും നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് സാധിക്കും.  സി.പി.ഐ.യുടെ അവസ്ഥ അതല്ല.  ഇന്നും നേരും നെറിയും കാത്ത് സൂക്ഷിക്കുന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ.  നിങ്ങളുടെ രാഷ്ട്രീയം ഒരു തിരുത്തല്‍   പ്രചോദനമായി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആ ആവശ്യം ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്ന് മാത്രമേ നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയൂ.

ചുവപ്പന്‍ അഭിവാദ്യങ്ങളോടെ,
കെ.പി.എസ്സ്.